---
title: "കാർഗിൽ വിജയത്തിന്റെ ഓർമ്മകളുമായി ചമ്പാട്ടെ 'കാർഗിൽ'; 27 വർഷമായി ചരിത്രം പറയുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും, നാടും"
english_title: "Champad Kargil Bus Stop: 27 Years of Patriotism and Memories of Kargil War"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374618/Champad Kargil Bus Stop: 27 Years of Patriotism and Memories of Kargil War"
published_at: "2026-07-25T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64b78a1d20f_1001339410.jpg"
keywords: []
---

# കാർഗിൽ വിജയത്തിന്റെ ഓർമ്മകളുമായി ചമ്പാട്ടെ 'കാർഗിൽ'; 27 വർഷമായി ചരിത്രം പറയുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും, നാടും

> **Lead Summary:** കാർഗിൽ വിജയത്തിന്റെ ഓർമ്മകളുമായി ചമ്പാട്ടെ 'കാർഗിൽ'; 27 വർഷമായി ചരിത്രം പറയുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും, നാടും

## Article Content

കാർഗിൽ വിജയത്തിന്റെ ഓർമ്മകളുമായി ചമ്പാട്ടെ 'കാർഗിൽ'; 27 വർഷമായി ചരിത്രം പറയുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും, നാടും

ഇന്ത്യയുടെ അഭിമാന വിജയമായ കാർഗിൽ യുദ്ധത്തിന്റെ 27-ാം വാർഷികം രാജ്യം ജൂലൈ 26-ന് ആചരിക്കുമ്പോൾ, അതേ ദിനത്തിൽ തന്നെ സ്വന്തം 27-ാം പിറന്നാൾ ആഘോഷിക്കുന്ന ഒരു പ്രദേശവുമുണ്ട്—ചമ്പാട്ടെ 'കാർഗിൽ'.

1999-ലെ കാർഗിൽ യുദ്ധവിജയത്തിന്റെ ആവേശവും രാജ്യസ്നേഹവും ഉൾക്കൊണ്ടാണ് ചമ്പാട് കേന്ദ്രീകരിച്ചിരുന്ന യോർക്ക്ഷയർ ക്രിക്കറ്റ് ക്ലബ് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. മുളകളും ഈന്തപ്പനയോലകളും ഉപയോഗിച്ച് നിർമിച്ച ആ ബസ് സ്റ്റോപ്പിന് കാർഗിലിൽ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സൈന്യത്തെ ഇന്ത്യൻ സൈന്യം തുരത്തിയോടിച്ച വീരചരിത്രത്തിന്റെ ഓർമ്മയ്ക്കായി 'കാർഗിൽ' എന്ന പേരിൽ നാമകരണം ചെയ്യുകയായിരുന്നു.

ബസ് സ്റ്റോപ്പിൽ ഒതുങ്ങാതെ, അന്നുതന്നെ 'കാർഗിൽ സാംസ്കാരിക വേദി'യും രൂപീകരിച്ചു. ഇപ്പോഴത്തെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് അംഗം നസീർ ഇടവലത്ത് പ്രസിഡന്റായും, വിദ്യാഭവൻ പ്രിൻസിപ്പൽ കെ. സതീശൻ സെക്രട്ടറിയായും 50 അംഗ കമ്മിറ്റിയാണ് വേദിക്ക് നേതൃത്വം നൽകിയത്. ദേശീയബോധം വളർത്തുന്ന നിരവധി സാംസ്കാരിക പരിപാടികളും കലാസംരംഭങ്ങളും വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കാലക്രമേണ പ്രവർത്തകർ പലരും വിദേശത്തേക്കും മറ്റ് സ്ഥലങ്ങളിലേക്കും തൊഴിൽ ആവശ്യാർത്ഥം പോയതോടെ കാർഗിൽ സാംസ്കാരിക വേദിയുടെ പ്രവർത്തനം നാമമാത്രമായി. എന്നാൽ, അവർ ഉയർത്തിപ്പിടിച്ച ദേശസ്നേഹത്തിന്റെ ഓർമ്മ മാഞ്ഞില്ല. ഇന്ന് ബസ് സ്റ്റോപ്പ് മാത്രമല്ല, ആ പ്രദേശം മുഴുവൻ 'കാർഗിൽ' എന്ന പേരിലാണ് അറിയപ്പെടുന്നത്.

27 വർഷങ്ങൾ പിന്നിട്ടിട്ടും കാർഗിൽ വിജയത്തിന്റെ സ്മരണ പേരിലൂടെ ഇത്രയും ശക്തമായി നിലനിർത്തുന്ന ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമോ പ്രദേശമോ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ അപൂർവമാണെന്ന് ഭാരവാഹികളായ നസീർ ഇടവലത്തും കെ. സതീശനും അഭിമാനത്തോടെ പറയുന്നു.

ഓരോ കാർഗിൽ വിജയദിനവും എത്തുമ്പോൾ, ചമ്പാട്ടെ ഈ കൊച്ചുപ്രദേശം ഇന്ത്യയുടെ ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് ദേശസ്നേഹത്തിന്റെ ജ്വാല തലമുറകളിലേക്ക് പകരുന്ന അപൂർവ സ്മാരകമായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374618/Champad Kargil Bus Stop: 27 Years of Patriotism and Memories of Kargil War)